This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്ലൈല്‍ ആല്‍ക്കഹോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്ലൈല്‍ ആല്‍ക്കഹോള്‍

Allyl alcohol

ഒരു അപൂരിത (unsaturated) ആല്‍ക്കഹോള്‍; ഫോര്‍മുല, CH2:CH.CH2OH. നിറമില്ലാത്ത ദ്രവവസ്തു. തിളനില. 96o-97oC. ഇതിന് പ്രകോപനകാരിയായ ഗന്ധമുണ്ട്. ജലം, ആല്‍ക്കഹോള്‍, ഈഥര്‍ എന്നിവയില്‍ ഏത് അനുപാതത്തിലും കലരും. രുചി തീക്ഷ്ണമാണ്. അല്ലൈല്‍ ക്ലോറൈഡ് നേര്‍ത്ത സോഡിയം ഹൈഡ്രോക്സൈഡ് ചേര്‍ത്തു തിളപ്പിച്ച് അല്ലൈല്‍ ആല്‍ക്കഹോള്‍ വന്‍തോതില്‍ നിര്‍മിക്കാവുന്നതാണ് (1. പ്രൊപാര്‍ജില്‍ ആല്‍ക്കഹോള്‍ നിയന്ത്രിതരീതിയില്‍ റിഡക്ഷനു വിധേയമാക്കിയും (2), ഗ്ലിസറോളില്‍ ഓക്സാലിക് ആസിഡ് (3) അല്ലെങ്കില്‍ ഫോര്‍മിക് ആസിഡ് ചേര്‍ത്ത് 260oC വരെ ചൂടാക്കിയും അല്ലൈല്‍ ആല്‍ക്കഹോള്‍ ലഭ്യമാക്കാം.

അല്ലൈല്‍ ആല്‍ക്കഹോള്‍ സോഡിയം ലോഹത്തെ അലിയിക്കുകയും ഹൈഡ്രജന്‍ ഉന്‍മുക്തമാക്കുകയും ചെയ്യും. ഇത് അമ്ലങ്ങളുമായി പ്രവര്‍ത്തിച്ച് എസ്റ്ററുകള്‍ ലഭ്യമാക്കുന്നു. സില്‍വര്‍ ഓക്സൈഡ് ചേര്‍ത്ത് ഓക്സിഡൈസ് ചെയ്താല്‍ അല്ലൈല്‍ ആല്‍ക്കഹോള്‍ ആദ്യം അക്രാല്‍ഡിഹൈഡ് ആയും പിന്നീട് അക്രിലിക് അമ്ലമായും തീരുന്നു. ഈ അഭിക്രിയകളില്‍ പ്രസ്തുത പദാര്‍ഥം ഒരു പ്രൈമറി ആല്‍ക്കഹോള്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇത് ഒരു അപൂരിത യൗഗികമായി പ്രവര്‍ത്തിക്കുന്ന അഭിക്രിയകളും ഉണ്ട്. ഉദാഹരണമായി ക്ലോറിന്‍, ബ്രോമിന്‍ എന്നിവ അല്ലൈല്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിച്ചു യോഗാത്മകയൗഗികങ്ങള്‍ ലഭ്യമാക്കുന്നു. പെര്‍മാങ്ഗനേറ്റുമായി പ്രവര്‍ത്തിച്ച് ഗ്ലിസറോള്‍ തരുന്നു. ഈവക രാസപ്രവര്‍ത്തനങ്ങളില്‍നിന്നാണ് ഈ യൗഗികത്തിന്റെ സംരചന മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍